കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ കോഴിക്കോട് ബീച്ചിൽ തുടക്കമാകും. 'മാവേലിക്കസ് 2025' എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷം സെപ്റ്റംബർ ഒന്നിന് വൈകീട്ട് ഏഴിന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ ഏഴ് വരെയാണ് ആഘോഷങ്ങൾ.
ഉദ്ഘാടന ചടങ്ങിന് ശേഷം രാജസ്ഥാനി നാടോടി ബാൻഡായ മംഗാനിയാർ സെഡക്ഷന്റെ സംഗീത പരിപാടി അരങ്ങേറും.
ഓണാഘോഷ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ യോഗത്തിൽ പങ്കെടുത്തു. പ്രധാന വേദികളിലെ തിരക്ക് നിയന്ത്രിക്കാനും പാർക്കിംഗ് സൗകര്യങ്ങൾ ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഓരോ വേദിയിലും എത്ര പേരെ പ്രതീക്ഷിക്കുന്നു എന്നതിൻ്റെ കണക്ക് മുൻകൂട്ടി തയ്യാറാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണാഘോഷ പരിപാടികൾക്കായി എല്ലാ വേദികളിലും ആവശ്യമായ വളണ്ടിയർമാരെ വിന്യസിക്കും. എൻ.എസ്.എസ്, ടീം കേരള, ടൂറിസം ക്ലബ്ബ് അംഗങ്ങളെയാണ് ഇതിനായി നിയോഗിക്കുക. കൂടാതെ, എല്ലാ വേദികളിലും മെഡിക്കൽ യൂണിറ്റ് സേവനം ഉറപ്പുവരുത്തും.
യോഗത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ, എ.ഡി.എം. പി. സുരേഷ്, വിവിധ കമ്മിറ്റി കൺവീനർമാർ, കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.