ജനപ്രിയ സിനിമകളുടെ സംവിധായകൻ നിസാർ (65) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി 'ത്രീ മെൻ ആർമി' എന്ന ചിത്രം സംവിധാനം ചെയ്തു.
ചെറിയ ബഡ്ജറ്റിൽ , വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് മുഖ്യധാര സിനിമകൾ ഒരുക്കി വിജയിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ഏറെ പ്രിയപ്പെട്ട നിസാർ .
സാധാരണ സീനുകളിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചും ചീറ്റിങ്ങ് ഷോട്ടുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയും വേഗത്തിൽ ചിത്രങ്ങളൊരുക്കുന്നതിൽ നിസാർ പുലർത്തിയ പ്രായോഗിക സമീപനങ്ങളും സാങ്കേതിക ജ്ഞാനവും ഓർമ്മശക്തിയും ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പ്രസിദ്ധമാണ് .
ജഗതി ശ്രീകുമാറിനെപ്പോലുള്ള തിരക്കുപിടിച്ച താരങ്ങളുടെ ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് കൊണ്ട് സിനിമയിലെ മുഴുനീള വേഷം ചിത്രീകരിക്കാനുള്ള നിസാറിന്റെ വൈഭവം പിൽക്കാലത്ത് മലയാള സിനിമയിൽ പ്രശസ്തരായി മാറിയ പല സംവിധായകരുടെയും പഠന കളരികൂടിയായിരുന്നു .
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ എഫ് എഫ് കെ യിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നിസാർ സിംഗിൾ ഷോട്ട് ട്രീറ്റ്മെന്റിൽ ചെയ്‌ത ടു ഡേയ്സ് എന്ന സിനിമ ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു . ടു ഡെയ്‌സ് ന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട് . ആദ്യ ചിത്രമായ സുദിനം , ദിലീപ് , ഇന്ദ്രൻസ് എന്നിവരുടെ ചലച്ചിത്ര ജീവിതത്തിലെ നിർണ്ണായകവിജയമായ ത്രീമെൻ ആർമി , തമിഴ് സിനിമയായ കളേഴ്സ് തുടങ്ങി ഇരുപത്തി അഞ്ചിലേറെ വ്യത്യസ്തമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
നിസാറിന്റെ സിനിമകൾ
സുദിനം (1994)
ത്രീ മെൻ ആർമി (1995)
അച്ഛൻ രാജാവ് അപ്പൻ ജേതാവ് (1995)
മലയാളമാസം ചിങ്ങം ഒന്നിന് (1996)
പടനായകൻ (1996)
നന്ദഗോപലന്റെ കുസൃതികൾ (1996)
ന്യൂസ്പേപ്പർ ബോയ് (1997)
അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998)
ബ്രിട്ടീഷ് മാർക്കറ്റ് (1998)
ചേനപ്പറമ്പിൽ ആനക്കാര്യം (1998)
ക്യാപ്റ്റൻ (1999)
ജനനായകൻ (1999)
ഓട്ടോ ബ്രദേഴ്സ് (1999)
മേരാം നാം ജോക്കർ (2000)
അപരൻമാർ നഗരത്തിൽ (2001)
ഗോവ (2001)
ഡ്യൂപ്പ്,ഡ്യൂപ്പ്,ഡ്യൂപ്പ് (2001)
കായംകുളം കണാരൻ (2002)
ജഗതി ജഗദീഷ് ഇൻ ടൗൺ (2002)
താളമേളം (2004)
ബുള്ളറ്റ് (2008)
ഡാൻസ്,ഡാൻസ്,ഡാൻസ് (2017)
ആറു വിരലുകൾ (2017)
ടൂ ഡേയ്സ് (2018)
ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ (2018)
കളേഴ്സ് (2021- തമിഴ് )
ടു മെൻ ആർമി (2023)