Trending

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടൽ; നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു


യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്ക് നിർണ്ണായക പുരോഗതി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്ന സൂചന നൽകി, നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു. നാളെ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന വധശിക്ഷയാണ് യെമൻ അധികൃതർ നീട്ടിവെച്ചത്.

ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കാന്തപുരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. "നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർത്ഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ," കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.

യെമൻ പബ്ലിക് പ്രോസിക്യൂട്ടർ പുറത്തിറക്കിയ വാർത്താകുറിപ്പിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം, നാളെ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ പൗര നിമിഷ പ്രിയ ടോമി തോമസിന്റെ വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി വാർത്താകുറിപ്പിൽ പറയുന്നു.

കാന്തപുരത്തിന്റെ ഇടപെടൽ നിർണ്ണായകം

കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎൽഎയുടെ അഭ്യർഥനയെ തുടർന്നാണ് കാന്തപുരം വിഷയത്തിൽ ഇടപെട്ടത്. കാന്തപുരം ഉസ്താദിന്റെ അഭ്യർഥന പ്രകാരം യെമനിലെ പ്രമുഖ പണ്ഡിതനായ ശൈഖ് ഹബീബ് ഉമർബ്നു ഹഫീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന അനൗദ്യോഗിക ചർച്ചകളുടെ അവസാനഘട്ടമെന്ന നിലയിൽ ഇന്നലെ രണ്ട് തവണയാണ് സുപ്രധാന ചർച്ചകൾ നടന്നത്. ശൈഖ് ഹബീബ് ഉമറിന്റെ സഹോദര പുത്രൻ ഹബീബ് അബ്ദുർറഹ്മാൻ അലി മശ്ഹൂർ ആണ് ചർച്ചകൾക്ക് നേതൃത്വം വഹിച്ചത്.

രണ്ടാം ദിവസത്തെ ചർച്ചകളിലാണ് ഈ നിർണ്ണായക പുരോഗതിയുണ്ടായത്. യെമൻ സമയം രാവിലെ പത്ത് മണിക്കാണ് തലാൽ കൊല്ലപ്പെട്ട കുടുംബവുമായുള്ള സുപ്രധാന യോഗം ആരംഭിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ ഒരു വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തു. ഇദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി ഓർഡർ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനുമാണ് എന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വൈകാരികമായ ഒരു പ്രശ്നമാണ് തലാലിന്റെ കൊലപാതകം. അതുകൊണ്ട് കൂടിയാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിലൂടെയാണ് കുടുംബവുമായി ആദ്യമായി ആശയവിനിമയം സാധ്യമായത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയായിരുന്നു.



Post a Comment

Previous Post Next Post