മുക്കം: കമ്പനിയിൽ പണം നിക്ഷേപിക്കാമെന്ന് വാഗ്ദാനം നൽകി കൊടിയത്തൂർ സ്വദേശിയിൽ നിന്ന് 2.10 കോടി രൂപ തട്ടിയെടുത്ത കേസിൽ ആന്ധ്രാപ്രദേശ് സ്വദേശിനി അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ഗുരംകൊണ്ട സ്വദേശിനി ചിന്ത്രില രോഹിണി റോയി (25) യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മാനന്തവാടി ജയിലിലേക്ക് അയച്ചു.
കേസിലെ രണ്ടാം പ്രതിയായ മണ്ണാർക്കാട് സ്വദേശി ജസീർ എരദൻ ഹംസ (38) 2023-ൽ അറസ്റ്റിലായിരുന്നു. എണ്ണ-വാതക മേഖലയിൽ എൻജിനിയറായ യുവാവിനെ ജസീർ 2012-ലാണ് പരിചയപ്പെടുന്നത്. പിന്നീട് ജസീറാണ് രോഹിണിയെ യുവാവിന് പരിചയപ്പെടുത്തിയത്. 2020 ജനുവരിയിൽ ഇവർ മൂന്നുപേരും ചേർന്ന് മുക്കം ആസ്ഥാനമായി 'റോയ് ഓപ്പർട്യൂൺ' എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. യുവാവ് തന്റെ ഓഹരിയായി 2 കോടി രൂപ ഈ കമ്പനിയിൽ നിക്ഷേപിച്ചു. ഊർജ, കൽക്കരി മേഖലകളിലെ പദ്ധതികളിലാണ് പണം നിക്ഷേപിച്ചതെന്ന് ജസീറും രോഹിണിയും യുവാവിനോട് പറഞ്ഞു.
എന്നാൽ, പിന്നീട് യുവാവ് തന്റെ നിക്ഷേപം തിരികെ ആവശ്യപ്പെട്ടപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 'റോയ് ഓപ്പർട്യൂൺ' എന്ന കമ്പനിയുടെ പേരിൽ തന്റെ ഒപ്പ് ഉപയോഗിച്ച് രോഹിണിയും ജസീറും വ്യാജരേഖകൾ നിർമിച്ച് ഒരു ഫാർമ കമ്പനിയുമായി ചേർന്നുള്ള പദ്ധതിയുടെ പേരിൽ 2.10 കോടി രൂപ തട്ടിയെടുത്തതായി യുവാവ് മനസ്സിലാക്കുകയായിരുന്നു.
തുടർന്ന് യുവാവ് ആദ്യം ഹൈദരാബാദ് പോലീസിനെയും പിന്നീട് മുക്കം പോലീസിനെയും സമീപിച്ചു. രണ്ടു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുക്കം പോലീസ് സംഘം ആന്ധ്രയിലെത്തി യുവതിയെ പിടികൂടിയത്. സമാനമായ നിരവധി തട്ടിപ്പ് കേസുകളിൽ ചിന്ത്രില രോഹിണി റോയ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.