കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണങ്ങൾ ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന് വലിയ തിരിച്ചടിയായി. ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നടപടി.
പരിഷ്കരണ നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഈ വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്, ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കുകയായിരുന്നു.
പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ മാത്രമാക്കി ചുരുക്കുക, 'എച്ച്' പരീക്ഷയ്ക്ക് പകരം പുതിയ ട്രാക്കുകൾ ഉപയോഗിച്ച് പുതിയ ടെസ്റ്റ് നടത്തുക, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകൾക്കെതിരെ ഡ്രൈവിംഗ് സ്കൂളുകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ ഉത്തരവുകൾ നടപ്പിലാക്കുന്നത് സാധാരണക്കാരായ അപേക്ഷകർക്കും ഡ്രൈവിംഗ് സ്കൂളുകൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി വിധിക്ക് പിന്നാലെ, ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ലൈസൻസ് പരീക്ഷാ പരിഷ്കരണം സംസ്ഥാനത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് സർക്കാർ വാദം. എന്നാൽ, ഹൈക്കോടതി വിധി പുതിയ പരീക്ഷാ പരിഷ്കരണ നടപടികൾക്ക് താൽക്കാലികമായെങ്കിലും തടസ്സമുണ്ടാക്കിയിരിക്കുകയാണ്.