മോഷണം നടന്ന ദിവസം തന്നെ പ്രതി നീലേശ്വരം ജുമാ മസ്ജിദിൽ മോഷണത്തിന് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. മോഷണത്തിന് ശേഷം കൊടൈക്കനാലിലേക്ക് കടന്ന പ്രതിയെ മുക്കം പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച് വരികയായിരുന്നു. പ്രതി കഴിഞ്ഞ രണ്ടുദിവസം മുൻപ് കോഴിക്കോട് എത്തി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മുക്കം പോലീസ് ഇന്നലെ അർദ്ധരാത്രിയോടെ കോഴിക്കോട് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
എന്നാൽ, മോഷണം നടത്തുന്നതിന് ഒരു ദിവസം മുൻപ് പ്രതിയായ മിഹാൽ മൊയ്തീൻ കുട്ടിയെയും ഇയാളുടെ സുഹൃത്ത് മുക്കം അഗസ്ത്യമുഴി സ്വദേശി അനീഷിനെയും കഞ്ചാവുമായി മുക്കം പോലീസ് പിടികൂടിയിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാൽ അന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മുക്കത്തിനടുത്തുള്ള നെല്ലിക്കാ പറമ്പിലെ വാടകമുറിയിൽ താമസിച്ചിരുന്ന മിഹാൽ മൊയ്തീൻ കുട്ടിയും സുഹൃത്തുക്കളും ലഹരി വിൽപനയും ഉപയോഗവും നടത്തുന്നുണ്ടെന്ന് മനസിലാക്കിയ നാട്ടുകാരും നെല്ലിക്കാ പറമ്പ് സന്നദ്ധ സേനാപ്രവർത്തകരും പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് ഇവരെ കഞ്ചാവുമായി പിടികൂടിയത്.
മിഹാൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് മുക്കം പോലീസ് അറിയിച്ചു. മുക്കം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആനന്ദ് കെ.യുടെ നിർദേശപ്രകാരം എസ്.ഐ. ജയമോദ്, എസ്.സി.പി.ഒ. അനീസ് കെ.എം. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നാളെ മുക്കം പോലീസ് കോടതിയിൽ ഹാജരാക്കും.