മുക്കം: കളിക്കുന്നതിനിടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങിയ രണ്ടര വയസ്സുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി. മലപ്പുറം ജില്ലയിലെ വാഴക്കാട് ചെറുവായൂർ സ്വദേശികളായ ചോലയിൽ ജിജിലാൽ-അതുല്യ ദമ്പതികളുടെ മകൻ അൻവിക്ക് ലാലിന്റെ തലയിലാണ് അബദ്ധത്തിൽ പാത്രം കുടുങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അച്ഛച്ഛനോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അൻവിക്ക്. കുഞ്ഞിന് കളിപ്പാട്ടമെടുക്കാനായി അച്ഛച്ഛൻ അകത്തേക്ക് പോയ സമയത്താണ് അൻവിക്കിന്റെ തലയിൽ പാത്രം കുടുങ്ങിയത്. വീട്ടുകാർ പാത്രം മാറ്റാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ അവർ മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ സഹായം തേടുകയായിരുന്നു.
വിവരം ലഭിച്ചയുടൻ മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 20 മിനിറ്റിനുള്ളിൽ, കുഞ്ഞിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഉദ്യോഗസ്ഥർ പാത്രം തലയിൽ നിന്ന് നീക്കം ചെയ്തു. മോചിതനായ അൻവിക്കിന് ഉദ്യോഗസ്ഥർ മിഠായി നൽകിയാണ് യാത്രയാക്കിയത്.
മുക്കം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ പയസ് അഗസ്റ്റിൻ, എൻ. ജയകിഷ്, സീനിയർ ഫയർ ഓഫീസർ സി. മനോജ്, ഫയർ ഓഫീസർമാരായ എം. സജിത്ത് ലാൽ, സനീഷ് പി. ചെറിയാൻ, കെ. അഭിനേഷ്, എ.എസ്. പ്രദീപ്, പി. നിയാസ്, സി. വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കുഞ്ഞിന് ആശ്വാസമായി.