Trending

വി എസ് അച്യുതാന്ദൻ അന്തരിച്ചു; കേരളത്തിന് നഷ്ടമായത് വിപ്ലവ സൂര്യനെ

കേരള രാഷ്ട്രീയത്തിലെ അതികായനും, മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദൻ (102) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്‍യുടി ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ മാസം 23നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസ്സിൽ വിപ്ലവ വെളിച്ചമായി പതിഞ്ഞ ജനകീയ നേതാവ് ഇനി ഓർമകളിലെ ജ്വലിക്കുന്ന പ്രചോദനമാകും.

നൂറ്റിയൊന്ന് വയസ്സ് പിന്നിട്ട വി എസ് പക്ഷാഘാതം ബാധിച്ചതിനെത്തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകൻ വി എ അരുൺകുമാറിൻ്റെ വസതിയായ ‘വേലിക്കകത്ത്’ വീട്ടിൽ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് പൂർണവിശ്രമത്തിലായിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. ഭാര്യ കെ വസുമതി. മക്കൾ: വി എ അരുൺകുമാർ, ഡോ. വി ആശ. മരുമക്കൾ: രജനി ബാലചന്ദ്രൻ, ഡോ. തങ്കരാജ്.

പൊതുദർശനവും സംസ്കാരവും

വി എസ് അച്യുതാന്ദൻ്റെ ഭൗതികദേഹം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെക്കും. രാത്രിയിലും പൊതുദർശനം അനുവദിക്കും. രാത്രിയോടെ മകന്റെ വസതിയായ വേലിക്കകത്ത് വീട്ടിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. അതിനുശേഷം ഉച്ചയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

പോരാട്ടങ്ങളുടെ ജീവിതം
ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാന്ദൻ. ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006-11 കാലത്താണ് കേരള മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1980 മുതൽ 1991 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു.

ബാല്യകാലവും രാഷ്ട്രീയ പ്രവേശനവും
1923 ഒക്‌ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരന്റെയും അക്കമ്മ എന്ന കാർത്ത്യായനിയുടെയും രണ്ടാമത്തെ മകനായാണ് വി എസ് അച്യുതാന്ദൻ ജനിച്ചത്. പുന്നപ്ര പറവൂർ ഗവ. സ്കൂളിലും കളർകോട് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു വി എസിന്റെ ബാല്യകാലം. നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. ഏഴാം ക്ലാസിൽ പഠിക്കവെ അച്ഛനും മരിച്ചതോടെ പഠനം നിർത്തി ജ്യേഷ്ഠന്റെ തുണിക്കടയിൽ സഹായിയായി. പിന്നീട് ആലപ്പുഴ ആസ്പിൻവാൾ കയർ കമ്പനിയിൽ തൊഴിലാളിയായി. മൂന്ന് വർഷം അവിടെ പണിയെടുത്തു.

17-ാം വയസ്സിലാണ് വി എസ് കമ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. വി എസിലെ സംഘടനാപാടവം തിരിച്ചറിഞ്ഞ് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിലേക്ക് പാർട്ടി വളർത്താൻ അദ്ദേഹത്തിന് പ്രചോദനം നൽകിയത് പി കൃഷ്ണപിള്ളയായിരുന്നു. പുന്നപ്ര വയലാർ സമരകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

പാർട്ടി ജീവിതത്തിലെ നിർണായക ഘട്ടങ്ങൾ

1943ൽ കോഴിക്കോട്ട് നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ ആലപ്പുഴയിൽനിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. പുന്നപ്ര – വയലാർ സമരകാലത്ത് പാർട്ടി നിർദേശത്തെത്തുടർന്ന് അദ്ദേഹം ഒളിവിൽ പോയി. കോട്ടയത്തെ പൂഞ്ഞാറിൽ ഒളിവിൽ കഴിയവെ അറസ്റ്റിലായി. ക്രൂരമായ പൊലീസ് മർദനത്തിനിരയായ വി എസ് മരിച്ചുവെന്ന് കരുതി കാട്ടിൽ തള്ളാൻ കൊണ്ടുപോകവെ ജീവനുള്ളതായി കണ്ട് തിരികെ കോട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ നിന്നിറങ്ങിയ വി എസ് ജനകീയ പോരാട്ടങ്ങളുടെ മുന്നണിയിൽ നിലയുറപ്പിച്ചു. അഴിമതിക്കും ഭരണകൂട ഭീകരതയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. 1956ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും 57ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി. 58ൽ നാഷണൽ കൗൺസിൽ അംഗമായി. 1964ൽ അവിഭക്ത പാർട്ടിയിൽ നിന്ന് പുറത്തുവന്ന 32 നാഷണൽ കൗൺസിൽ അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏഴു പേരിൽ ഒരാളായിരുന്നു വി എസ്. 1964ൽ കൊൽക്കത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1985ൽ പിബി അംഗമായി. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാനായും വി എസ് പ്രവർത്തിച്ചു.

Post a Comment

Previous Post Next Post