Trending

സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്; ജനജീവിതം സ്തംഭിക്കും


കോഴിക്കോട്: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമാകാത്തതിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിലാകും.

ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ബസുടമകൾക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതിൽ ഗതാഗത സെക്രട്ടറി വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രധാന ആവശ്യങ്ങൾ:

  • വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക.
  • വ്യാജ കൺസെഷൻ കാർഡുകൾ തടയുക.
  • 140 കിലോമീറ്ററിൽ അധികം ദൂരം സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക.
  • അനാവശ്യമായി പിഴ ഈടാക്കുന്നത് നിർത്തലാക്കുക.

  • ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനായിരുന്നു ബസുടമകളുടെ തീരുമാനം. പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്.


Post a Comment

Previous Post Next Post