താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ ചുങ്കം ബിഷപ് ഹൗസിനു മുൻവശം നിയന്ത്രണം വിട്ട ഇന്നോവ കാർ നിർത്തിയിട്ട കാറിലും ഗുഡ്സ് ഓട്ടോയിലും രണ്ട് സ്കൂട്ടറുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.
നിർത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന നിലമ്പൂർ സ്വദേശികളായ നിധിൻ, ഇദ്ദേഹത്തിന്റെ മകൾ നിഹാരിക (7), റോഡരികിൽ മത്സ്യം വിൽക്കുകയായിരുന്ന താമരശ്ശേരി പള്ളിപ്പുറം സ്വദേശി സിനാൻ, ഒപ്പമുണ്ടായിരുന്ന അതിഥി തൊഴിലാളി വാഹിദ്, അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറായ ബാലുശ്ശേരി എം.എം. പറമ്പ് സ്വദേശി ഷാൻ എന്നിവർക്കാണ് പരിക്കേറ്റത്.
മത്സ്യവിൽപ്പനക്കാരായ സിനാനും വാഹിദും തലനാരിഴക്കാണ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അപകടത്തിൽപ്പെട്ട വാഹനങ്ങളെല്ലാം റോഡരികിൽ നിർത്തിയിട്ടിരുന്നവയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

