കണ്ണൂർ: കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ജയിൽ അധികൃതർ സെല്ലുകൾ പരിശോധിക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് കണ്ടെത്തിയത്.
2011 ഫെബ്രുവരി ഒന്നിനാണ് സംഭവം. എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി, സൗമ്യയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ഈ കേസിൽ ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും, പിന്നീട് അത് ജീവപര്യന്തമായി കുറച്ചിരുന്നു. ഒരു കൈ മാത്രമുള്ള ഇയാൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.