Trending

വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചവർക്കെതിരെ വ്യാപക നടപടി


താമരശ്ശേരി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി.പി. സന്ദീപ് നൽകിയ പരാതിയിലാണ് താമരശ്ശേരി പൊലീസ് നടപടി സ്വീകരിച്ചത്. വിദേശത്തുള്ള ആബിദ്, ഫെയ്‌സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്.

മുതിർന്ന സിപിഐ എം നേതാവായ വി.എസിനെ അധിക്ഷേപിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വെൽഫെയർ പാർട്ടി നേതാവിന്റെ മകനെയും തിരുവനന്തപുരം സ്വദേശിയായ ഒരു അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെൽഫെയർ പാർട്ടി നേതാവിന്റെ മകൻ അറസ്റ്റിൽ
വെൽഫെയർ പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ വണ്ടൂർ വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിൽ വി.എസിനെ വർഗീയവാദിയായി ചിത്രീകരിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ വണ്ടൂർ മേഖലാ സെക്രട്ടറി പി. രജീഷിന്റെ നേതൃത്വത്തിൽ വണ്ടൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടി.

തിരുവനന്തപുരത്തെ അധ്യാപകനും പിടിയിൽ
ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ വി. അനൂപിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂർ നെടുമ്പറമ്പ് എ.എ. നിവാസിയാണ് അനൂപ്. പ്രകോപനപരമായ രണ്ട് സ്റ്റാറ്റസുകളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സിപിഐ എം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം എം. ഷിബു, ലോക്കൽ കമ്മിറ്റി അംഗം ബാഹുലേയക്കുറുപ്പ് എന്നിവരാണ് നഗരൂർ പൊലീസിൽ പരാതി നൽകിയത്.

വി. അനൂപിനെതിരെ നിരവധി ആരോപണങ്ങളും വകുപ്പുതല അന്വേഷണങ്ങളും നിലവിലുണ്ട്. പൊതുപണിമുടക്ക് ദിവസം സമരാനുകൂലികളോട് കയർക്കുകയും അശ്ലീലം കാണിക്കുകയും ചെയ്തതായി ഇയാൾക്കെതിരെ ആരോപണമുണ്ട്. കൂടാതെ, അധ്യാപകർക്ക് ട്രാൻസ്ഫർ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പണം പിരിച്ചെന്ന ആരോപണവും ഇയാൾ നേരിടുന്നുണ്ട്. ഈ പരാതികളിന്മേൽ ബുധനാഴ്ച വകുപ്പുതല അന്വേഷണം നടക്കാനിരിക്കുകയാണ്.

Post a Comment

Previous Post Next Post