തിരുവമ്പാടി: മുസ്ലിം ലീഗ് നേതൃത്വത്തിന് വെല്ലുവിളിയായി വിമത വിഭാഗം തിരുവമ്പാടിയിൽ ശക്തിപ്രകടനവുമായി രംഗത്ത്. പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ട നേതാക്കളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിന്റെ കൊടിയും ചിഹ്നവും ഉപയോഗിച്ച് യോഗം ചേർന്നത് പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് രൂപം നൽകാനാണ് യോഗം ചേർന്നതെന്ന് വിമത നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ, വിമത നീക്കം നടത്തിയെന്ന് ആരോപിച്ച് ഒൻപത് പേരെ ലീഗ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ നേരിട്ട ഈ നേതാക്കളാണ് പാർട്ടിയുടെ അനുമതിയോടുകൂടിയല്ലാതെ പ്രവർത്തകരെ വിളിച്ചുചേർത്ത് യോഗം സംഘടിപ്പിച്ചത്.
തിരുവമ്പാടി ലീഗിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കണ്ടെത്താനുമായി മുസ്ലിം ലീഗ് നേതൃത്വം രണ്ടംഗ കമ്മീഷനെ നിയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് വിമതർ പരസ്യമായി യോഗം ചേർന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇത് പാർട്ടി നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വിമതരുടെ നീക്കം പാർട്ടിക്കുള്ളിൽ വലിയ ഭിന്നതയ്ക്ക് വഴിവെക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. വരും ദിവസങ്ങളിൽ ലീഗ് സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്.