മഞ്ചേരി: മഞ്ചേരി വായ്‌പാറപ്പടി വെള്ളാരംകല്ലിലെ ഫ്‌ളാറ്റിൽ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോക്ടർ കല്പകഞ്ചേരി സ്വദേശി സി.കെ. ഫർസീന (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
താൻ ആത്മഹത്യ ചെയ്യുകയാണെന്ന് ഫർസീന സുഹൃത്തുക്കൾക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ സന്ദേശം ലഭിച്ച ഒരു സുഹൃത്ത് മഞ്ചേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഫ്‌ളാറ്റിലെത്തിയപ്പോൾ ഫർസീനയുടെ മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകടന്ന പോലീസ്, ഫർസീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡോക്ടർ വിഷാദരോഗം കാരണം ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കല്പകഞ്ചേരി കുഞ്ഞിപോക്കറിന്റെയും ആയിഷാബിയുടെയും മകളാണ് മരിച്ച ഫർസീന. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. സാലിഖാണ് ഭർത്താവ്. അർഹം, വിൽദാൻ എന്നിവരാണ് മക്കൾ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുകയും അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056)