വയനാട്: പുരുഷാധിപത്യമുള്ള തൊഴിൽ മേഖലയിൽ, സാമൂഹിക ചുറ്റുപാടുകളെ അതിജീവിച്ച് കേരളത്തിലെ ആദ്യ വനിതാ ഇറച്ചിവെട്ടുകാരിയായി മാറിയ വയനാട് ചുണ്ടേൽ ചന്തയിലെ റുഖിയ താത്ത (66) ഇനി ഓർമ്മ. 30 വർഷത്തോളം ചുണ്ടേൽ ചന്തയിൽ ഇറച്ചിവെട്ട് തൊഴിലാളിയായി ജോലി ചെയ്ത റുഖിയയുടെ വിയോഗം നാടിന് തീരാനഷ്ടമായി.
2022-ലെ വനിതാ ദിനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻ്റ് എംപ്ലോയ്മെന്റ് (കില) ആദരിച്ച 13 വനിതകളിൽ ഒരാളായിരുന്നു റുഖിയ. വ്യത്യസ്‌തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴിൽ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു റുഖിയയെ കില ആദരിച്ചത്.
1989-ൽ 23-ാം വയസ്സിലാണ് റുഖിയ ചുണ്ടേലിൽ ഓക്കെ ബീഫ് സ്റ്റാൾ ആരംഭിക്കുന്നത്. പത്താം വയസ്സിൽ പിതാവ് ഖാദറിനെ നഷ്ടപ്പെട്ടതോടെ കുടുംബം പുലർത്താൻ റുഖിയ എസ്റ്റേറ്റിൽ ജോലിക്കുപോയിരുന്നു. ഖാദറിന്റേയും പാത്തുമ്മയുടേയും ഒമ്പത് മക്കളിൽ അഞ്ചാമത്തെയാളായിരുന്നു റുഖിയ. എസ്‌റ്റേറ്റിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന കൂലി ഒന്നിനും തികയാതെ വന്നപ്പോഴാണ് സ്വന്തമായി ബീഫ് സ്റ്റാൾ തുടങ്ങുന്നതിനെക്കുറിച്ച് അവർ ആലോചിച്ചത്.
എന്നാൽ, ഒരു സ്ത്രീ ഇങ്ങനെയൊരു കച്ചവടം തുടങ്ങുന്നതിനെതിരെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. ഇത് പുരുഷൻമാരുടെ ജോലിയാണെന്നും സ്ത്രീകൾക്ക് ചേർന്നത് അല്ലെന്നുമായിരുന്നു അവരുടെ പ്രധാന വാദം. എന്നാൽ ഈ എതിർപ്പുകളെല്ലാം മറികടന്ന് റുഖിയ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു.
ഈ കച്ചവടത്തിലൂടെ നാല് ഏക്കർ കാപ്പിത്തോട്ടം വാങ്ങിയ റുഖിയ ഒരു വീടും നിർമ്മിച്ചു. ഒപ്പം തന്റെ ആറ് സഹോദരിമാരുടെ വിവാഹവും അവർ നടത്തിക്കൊടുത്തു. എന്നാൽ, റുഖിയ ഒരിക്കലും വിവാഹിതയാകാൻ ആഗ്രഹിച്ചില്ല. പുരുഷൻമാരെ തനിക്ക് ഇഷ്ടമാണെങ്കിലും വിവാഹം വേണ്ടെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ പോയി അടുക്കള ജോലികൾ ചെയ്യുന്നത് തനിക്ക് സങ്കൽപിക്കാൻ പോലുമാകില്ലെന്നായിരുന്നു റുഖിയയുടെ നിലപാട്.
അസാധാരണമായ ധൈര്യവും നിശ്ചയദാർഢ്യവും കൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കുകയും ഒട്ടേറെ സ്ത്രീകൾക്ക് പ്രചോദനമാവുകയും ചെയ്ത റുഖിയ താത്തയുടെ വിയോഗം വയനാടിന് തീരാനഷ്ടമാണ്.