: വയോജനങ്ങളുടെ മാനസികോല്ലാസത്തിനും പകൽ സമയം ആനന്ദകരമായി ചെലവഴിക്കുന്നതിനുമായി മുക്കം നഗരസഭയിൽ വയോക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ തുടങ്ങാനുദ്ദേശിക്കുന്ന മൂന്ന് വയോക്ലബ്ബുകളിൽ ആദ്യത്തേതിനാണ് മണാശ്ശേരിയിൽ തുടക്കമായത്.
മണാശ്ശേരിയിൽ ആരംഭിച്ച വയോക്ലബ്ബിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു. വയോജനങ്ങൾക്ക് പകൽസമയം ഒത്തുകൂടാനും വായനയിലും വിവിധ വിനോദോപാധികളിലും ഏർപ്പെടാനുമുള്ള സൗകര്യം വയോക്ലബ്ബിലുണ്ടാകും.
നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി മുഖ്യാതിഥിയായിരുന്നു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രജിത പ്രദീപ്, ഇ. സത്യനാരായണൻ, കൗൺസിലർമാരായ രജനി. എം.വി, വേണു കല്ലുരുട്ടി, വേണുഗോപാലൻ. എം.ടി, സി.ഡി.എസ്. ചെയർപേഴ്സൺ രജിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ, ഇ.പി. ശ്രീനിവാസൻ, സാമി. ടി.കെ, കുഞ്ഞിരായിൻ മാസ്റ്റർ, ഭാസ്കരൻ കരണങ്ങാട്ട്, പി. പ്രേമൻ, സി. രാജഗോപാലൻ, ജയരാജ് കണിയാറക്കൽ, അശോകൻ കുറ്റ്യേരിമ്മൽ, ബാബുരാജ്.ടി എന്നിവരും സംസാരിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ റീജ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്റർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.