താമരശ്ശേരി: വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാടക സ്റ്റോറിൽ നിന്നെടുത്ത ചെമ്പ് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ആക്രിക്കടയിൽ മറിച്ചുവിറ്റയാളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ പരപ്പൻപൊയിലിലെ ഒകെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറിൽ ഒരു യുവാവ് എത്തുകയായിരുന്നു. കല്യാണ വീട്ടിലേക്ക് എന്ന് പറഞ്ഞ് രണ്ട് വലിയ ബിരിയാണി ചെമ്പുകൾ, രണ്ട് ഉരുളി എന്നിവ ഇയാൾ വാടകയ്‌ക്കെടുത്തു. സ്റ്റോറിൽ നിന്ന് തന്നെ ഗുഡ്‌സ് ഓട്ടോ വിളിച്ച് താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്കാണെന്ന് പറഞ്ഞ് പാത്രങ്ങൾ കൊണ്ടുപോവുകയായിരുന്നു. ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച തിരികെ എത്തിക്കാമെന്നാണ് യുവാവ് പറഞ്ഞതെന്ന് ഉടമ റഫീഖ് പറഞ്ഞു. സൽമാൻ എന്ന് പേര് പറഞ്ഞ ഇയാളുടെ ഫോൺ നമ്പറും വിലാസവും വാടക സ്റ്റോർ ഉടമ വാങ്ങി സൂക്ഷിച്ചിരുന്നു.
എന്നാൽ, പാത്രങ്ങൾ തിരികെ എത്തിക്കാത്തതിനെത്തുടർന്ന് ഇന്ന് അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. യുവാവ് നൽകിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീട് ഇയാൾ പാത്രങ്ങൾ കൊണ്ടുപോയ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാത്രങ്ങൾ അണ്ടോണയിലല്ല, പൂനൂരിലെ ഒരു ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായി.
റഫീഖ് പൂനൂരിലെ ആക്രിക്കടയിലെത്തി തന്റെ പാത്രങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. താമരശ്ശേരി പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. പാത്രങ്ങൾക്കൊപ്പം കൊണ്ടുപോയ ചട്ടുകം, കോരി എന്നിവ വിൽക്കാതെ ഒഴിവാക്കിയത്, ആക്രിക്കടക്കാർക്ക് സംശയം തോന്നാതിരിക്കാനാണെന്നാണ് കരുതുന്നത്. പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി താമരശ്ശേരി പോലീസ് അറിയിച്ചു.