കൂടരഞ്ഞി: മലയോര ഹൈവേയിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്ക് ബാരിയറുകൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നതായി പരാതി. കരിങ്കുറ്റിയിൽ ഹോസ്പിറ്റലിനും സ്കൂളിനും മുന്നിൽ സ്ഥാപിച്ച സുരക്ഷാ ബാരിയറുകളാണ് തുടർച്ചയായി നശിപ്പിക്കുന്നത്.
അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മൂന്നു മാസം മുൻപാണ് ഒരു സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ ഇവിടെ സ്പീഡ് ബാരിയർ സ്ഥാപിച്ചത്. കാൽനടയാത്രക്കാരുടെയും വിദ്യാർഥികളുടെയും ആശുപത്രിയിൽ പോകുന്നവരുടെയും സുരക്ഷ ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് ബാരിയറുകൾ സ്ഥാപിച്ചത്.
സ്ഥാപിച്ച ശേഷം മൂന്നു തവണ വാഹനമിടിപ്പിച്ച് നശിപ്പിക്കുകയും, ഒരു തവണ ബൈക്കിലെത്തിയ ഒരാൾ കല്ലുകൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തു. പിന്നീട് അറ്റകുറ്റപ്പണികൾ നടത്തി പുനഃസ്ഥാപിച്ച ബോർഡും കഴിഞ്ഞ ദിവസം നശിപ്പിച്ചു.
കരിങ്കൽ ക്വാറികളിൽ നിന്നുള്ള ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അമിത വേഗത്തിൽ പായുന്ന റോഡിൽ അപകടങ്ങൾ പതിവാണ്. ബാരിയറുകൾ നശിപ്പിക്കുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.