മുക്കം: അഗസ്ത്യൻമുഴിയിലെ റെസ്റ്റോറന്റിൽ നിന്ന് 80,000 രൂപയുമായി കടന്നുകളഞ്ഞ നേപ്പാൾ സ്വദേശിയായ ജീവനക്കാരനെ നാട്ടിലേക്ക് പോകും വഴി പിടികൂടി. മുക്കം അഗസ്ത്യൻമുഴിയിൽ പ്രവർത്തിക്കുന്ന നഹ്ദി റെസ്റ്റോറന്റിലെ ജീവനക്കാരനായ 20 വയസ്സുള്ള ശ്രീജൻ ദമായി ആണ് മോഷണം നടത്തിയത്.
പണം മോഷ്ടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം റെസ്റ്റോറന്റ് ഉടമ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. സൈബർ ടീമിൻ്റെ സഹായത്തോടെ മുക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന് വിവരം ലഭിച്ചു.
മുക്കം ഇൻസ്പെക്ടർ കെ. ആനന്ദിൻ്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ.എം., ലാലിജ് എന്നിവർ ആർ.പി.എഫിൻ്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനും കൂടുതൽ തെളിവെടുപ്പിനുമായി ഇന്ന് കേരളത്തിലെത്തിക്കും.