Trending

കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി


തിരുവമ്പാടി: 39 വർഷം മുൻപ് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് പോലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തിരുവമ്പാടി പോലീസ് തയ്യാറാക്കി. മുഹമ്മദലിയുടെ സഹായത്തോടെയാണ് രേഖാചിത്രം നിർമ്മിച്ചത്.

1986-ൽ കൂടരഞ്ഞിയിൽ വെച്ച് തനിക്ക് 14 വയസ്സുള്ളപ്പോൾ ഒരാളെ കൊലപ്പെടുത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ കേസിൽ കൊല്ലപ്പെട്ടയാളുമായി രേഖാചിത്രത്തിന് 80 ശതമാനത്തോളം സാമ്യമുണ്ടെന്ന് മുഹമ്മദലി പോലീസിനോട് പറഞ്ഞു.

കൂടരഞ്ഞി സ്വദേശിയായ മുഹമ്മദലി നിലവിൽ മലപ്പുറം വേങ്ങരയിലാണ് താമസിക്കുന്നത്. ആദ്യ കൊലപാതകത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് പണം തട്ടിയെടുത്ത ഒരാളെ സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമുള്ള മുഹമ്മദലിയുടെ വെളിപ്പെടുത്തലുകൾ പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകളുടെ യാഥാർത്ഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട് സിറ്റി പോലീസും റൂറൽ പോലീസും.

Post a Comment

Previous Post Next Post