Trending

പീഡനക്കേസിൽ തെറ്റായി പ്രതിയാക്കിയ സംഭവം: എസ്.ഐയിൽ നിന്നും 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്


തിരുവമ്പാടി: മതിയായ അന്വേഷണം നടത്താതെ പീഡനക്കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ കോഴിക്കോട്ടെ പൊതുപ്രവർത്തകനായ എ.എം. സൈതലവിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തിരുവമ്പാടി എസ്.ഐ. ഇ.കെ. രമ്യയിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

തിരുവമ്പാടി സ്വദേശിയായ എ.എം. സൈതലവിയെ പ്രാഥമികാന്വേഷണം പോലും നടത്താതെ പീഡനക്കേസിൽ പ്രതിയാക്കി എന്നാണ് പരാതി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈതലവിയുടെ ബന്ധുവായ ഒരു സ്ത്രീയാണ് പരാതി നൽകിയിരുന്നത്. ഈ കേസ് പിന്നീട് കോടതി തള്ളിയിരുന്നു.

എന്നാൽ, കേസിൽ മതിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്ന് ചൂണ്ടിക്കാട്ടി സൈതലവി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയായിരുന്നു. ഈ പരാതിയിന്മേലാണ് കമ്മീഷന്റെ നിർണായക ഉത്തരവ്. നഷ്ടപരിഹാരത്തിനു പുറമെ, എസ്.ഐ. രമ്യക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം, താൻ വിശദമായി അന്വേഷണം നടത്തിയതിനെനെ തുടർന്നാണ് കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയും അത് കോടതിയെ അറിയിക്കുകയും ചെയ്തതെന്നാണ് എസ്.ഐ. ഇ.കെ. രമ്യ കമ്മീഷനെ അറിയിച്ചത്.

Post a Comment

Previous Post Next Post