മലപ്പുറം: മലപ്പുറം മക്കരപ്പറമ്പ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് നേതാവുമായ ടി.പി. ഹാരിസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് ഹാരിസിനെ അന്വേഷണ വിധേയമായി പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ജനങ്ങളിൽ നിന്ന് 20 കോടിയിൽപരം രൂപ തട്ടിയെടുത്തുവെന്ന ഗുരുതരമായ ആരോപണം ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ടി.പി. ഹാരിസിനെതിരെ ഉയർന്നിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പൊതുമരാമത്ത് പദ്ധതികൾ ബിനാമികളെ വെച്ച് ഏറ്റെടുക്കുന്നതിനും, മങ്കട CHC, തിരൂരിലെ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ തുടങ്ങിയവയിലേക്ക് ഉപകരണങ്ങൾ വാങ്ങുന്ന ബിസിനസിൽ പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്താണ് ഇത്രയും വലിയ തുക പിരിച്ചതെന്നാണ് പ്രധാന ആരോപണം.
ഈ സാമ്പത്തിക തട്ടിപ്പിൽ മുത്തേടം പഞ്ചായത്തിൽ നിന്നുള്ള ഒരു ലീഗ് ജില്ലാ നേതാവിനും പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഒരു നേതാവിനും പ്രധാന പങ്കുണ്ടെന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെങ്കിലും, ആരോപണങ്ങൾ സംബന്ധിച്ച് പാർട്ടി തലത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നാണ് സൂചന.