തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കിയിട്ടുണ്ട്. ഇനി മുതൽ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയായിരിക്കും ഹൈസ്‌കൂൾ ക്ലാസുകൾ നടക്കുക. രാവിലെയും ഉച്ചയ്ക്ക് ശേഷവും 15 മിനിറ്റുകൾ വീതമാണ് കൂട്ടിച്ചേർത്തത്.
220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യു.പി. വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്‌കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും. 25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.