മുണ്ടക്കൈയിലെ പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് കുത്തൊഴുക്ക് ശക്തമായി. ബെയ്‌ലി പാലത്തിന് സമീപവും ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. കലങ്ങിയ ചെളിവെള്ളമാണ് ഒഴുകിയെത്തുന്നത്. മലമുകളിൽ മണ്ണിടിച്ചിലുണ്ടായോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.
വില്ലേജ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഏതാനും തൊഴിലാളികൾ എസ്റ്റേറ്റിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പുഞ്ചിരിമട്ടം, മുണ്ടക്കൈ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിവരികയാണ്.
സാഹചര്യം വിലയിരുത്തി ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ടി.സിദ്ദിഖ് എംഎൽഎ അറിയിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.