Trending

അഹമ്മദാബാദ് വിമാനാപകടം: മരണസംഖ്യ ഉയരുന്നു; മരിച്ചവരിൽ മലയാളിയും


അഹമ്മദാബാദ്,: അഹമ്മദാബാദ് സർദാർ വല്ലഭ് ഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ171 വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 170 കവിഞ്ഞതായി സൂചന. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അപകടത്തിൽനിന്ന് ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത തീരെ കുറവാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 12 ജീവനക്കാർ ഉൾപ്പെടെ 242 പേരിൽ ആരുടെയും നില സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാറും മരിച്ചവരിൽ ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വിമാനയാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും, 53 പേർ ബ്രിട്ടീഷ് പൗരന്മാരും, ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരിൽ 217 പേർ മുതിർന്നവരും 11 പേർ കുട്ടികളും ഒരു കൈക്കുഞ്ഞും ഉൾപ്പെടുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് നിമിഷങ്ങൾക്കുള്ളിൽ മേഘാണി നഗർ പ്രദേശത്ത് തകർന്നു വീണത്.

രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് സംഘവും ബിഎസ്എഫിന്റെ രണ്ട് സംഘവും സിഐഎസ്എഫും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. കൂടാതെ വെസ്റ്റേൺ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സംഘവും സംഭവസ്ഥലത്തുണ്ട്.

Post a Comment

Previous Post Next Post