Trending

അഹമ്മദാബാദ് വിമാന ദുരന്തം: മരണം 294 ആയി


അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 294 ആയി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണിത്. വ്യാഴാഴ്‌ച വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിൽ എയർ ഇന്ത്യ വിമാനം തകർന്നു വീഴുകയായിരുന്നു. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.

അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 10 മെഡിക്കൽ വിദ്യാർഥികൾക്ക് പുറമെ 24 പ്രദേശവാസികളും ഇതിൽ ഉൾപ്പെടുന്നു.

വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ച 80 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ ശേഖരണം ആരംഭിച്ചു. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിലെത്തുമെന്നാണ് വിവരം.

അതേസമയം, ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപവീതം ധനസഹായം നൽകുമെന്ന് എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണ്ണമായി വഹിക്കുമെന്നും തകർന്ന മെഡിക്കൽ കോളേജ് കെട്ടിടം പുനർ നിർമിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

അപകടകാരണം അന്വേഷിക്കാൻ ഉത്തരവ്; ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഇതിൽ നിന്നുള്ള വിവരങ്ങൾ അപകടകാരണം കണ്ടെത്താൻ നിർണ്ണായകമാകും. പക്ഷിയിടിച്ചതാണോ അമിത ഭാരമാണോ അപകടത്തിന് കാരണമെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ. അനുവദനീയമായതിനേക്കാൾ ഭാരം വിമാനത്തിലുണ്ടായിരുന്നതുകൊണ്ടാണ് കൃത്യമായ രീതിയിൽ പറന്നുയരാൻ സാധിക്കാതെ വന്നത് എന്നതരത്തിലുള്ള വാദങ്ങൾ ഉയർന്നിട്ടുണ്ട്. വിമാനം തകർന്നുവീഴുന്ന സമയത്ത് വിമാനത്തിൻ്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഈ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. ഇതേ വിമാനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയതിന് ശേഷമാണ് ലണ്ടനിലേക്ക് പോയത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ എത്തിയ യാത്രക്കാരിൽ ഒരാൾ ഇത്തരമൊരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ അന്വേഷണ ഏജൻസികൾ എല്ലാ വശങ്ങളും പരിഗണിക്കുന്നുണ്ട്. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തെ സഹായിക്കാൻ ബോയിങ് കമ്പനിയുടെ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും. ഇതിനൊപ്പം യു.എസ് ഫെഡറൽ ഏവിയേഷൻ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും.

Post a Comment

Previous Post Next Post