എളേറ്റിൽ വട്ടോളിയിൽ ഇന്ന് രാവിലെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഏകദേശം 4 കോടി രൂപ പോലീസ് പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരു കാർ പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് പരിശോധനയ്ക്കായി പോവുകയായിരുന്ന പോലീസ് സംഘമാണ് വട്ടോളിയിൽ നിർത്തിയിട്ടിരുന്ന ഈ വാഹനം സംശയം തോന്നി പരിശോധിച്ചത്. വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
കൊടുവള്ളി ഇൻസ്പെക്ടർ കെ.പി അഭിലാഷ്, എസ് ഐ ഗൗതം ഹരി, സീനിയർ സി പി ഒ ദീപക് എം പി, സിൻജിത്, രതീഷ് കുമാർ, സി പി ഒ മാരായ ജിതിൻ, ശ്രീകാന്ത്, ശ്രീജേഷ്, വിപിൻ സാഗർ, നതീപ്, ഷിജു, വനിതാ സിവിൽ പോലീസ് ഓഫീസർ രമ്യ, ബിജിനി എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
പ്രതികൾ ഈ പണം ആർക്കുവേണ്ടിയാണ് എത്തിച്ചതെന്നും പണത്തിന്റെ ഉറവിടം എന്താണെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായവരെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.