Trending

ചൂരൽമല ദുരന്തബാധിതർക്കെതിരെ അധിക്ഷേപം: യുവാവ് അറസ്റ്റിൽ


കൽപ്പറ്റ: ചൂരൽമല ദുരന്തത്തിൽ പെൺകുട്ടികളും സ്ത്രീകളും ഭയാനക അനുഭവങ്ങൾ നേരിടുന്നതിനിടെ, വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം താമസിക്കുന്ന നായ്ക്കമാവുടി സ്വദേശി ബാഷിദ് (28) ആണ് പിടിയിലായത്.

2023 ജൂലൈ 30-ന് നടന്ന ചൂരൽമല ദുരന്തത്തിന് പിന്നാലെ, ദുരന്തത്തിൽപെട്ട സ്ത്രീകളെ ലക്ഷ്യമാക്കി പരാമർശങ്ങളോടെയും അപമാനകരമായ ഭാവങ്ങൾ അടങ്ങിയവയുമായി ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവെച്ചു. എറണാകുളം സ്വദേശിയായ യുവാവിന്റെ ഫോട്ടോയും പേരുമാണ് ഇതിനായി ഉപയോഗിച്ചത്. ആ വ്യക്തി കൽപ്പറ്റയിലെ SKMJ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ സേവനം നടത്തുന്നതിനിടയിലാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അപകീർത്തികരമായ കാര്യങ്ങൾ നടക്കുന്നതായി അറിഞ്ഞത്.

തുടർന്ന് വയനാട് സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന് ഒടുവിലാണ്  മാസങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചത്. VPN ഉപയോഗിച്ച് ഐപി അഡ്രസ് മറച്ചുവച്ചിട്ടും നൂറുകണക്കിന് ഡാറ്റ വിശകലനം ചെയ്താണ് പ്രതി തിരിച്ചറിഞ്ഞത്.

സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.സി.പി.ഒമാരായ അബ്ദുൽ സലാം കെ.എ, നജീബ് ടി., സി.പി.ഒമാരായ രഞ്ജിത്ത് സി., വിനീഷ് സി., പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു. പ്രതിക്ക് ഐ.ടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സോഷ്യൽ മീഡിയയിൽ ഇത്തരം തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post