തൻ്റെ മാലയിലെ ലോക്കറ്റ് യഥാർത്ഥ പുലിപ്പല്ലാണോ എന്ന് ഇപ്പോഴും അറിയില്ലെന്ന് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി പറഞ്ഞു. താൻ ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃഗവേട്ട ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് വനം വകുപ്പ് വേടനെതിരെ നടപടി ശക്തമാക്കുന്നത്.
കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും, വനം വകുപ്പ് ചുമത്തിയ കേസുകൾ വേടന് വലിയ തലവേദന സൃഷ്ടിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ മൃഗവേട്ടയുമായി ബന്ധപ്പെട്ടതടക്കം ഏഴ് വകുപ്പുകളാണ് ഹിരൺദാസ് മുരളിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങൾക്ക് മൂന്നു മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
ശ്രീലങ്കൻ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ വനം വകുപ്പിന് നൽകിയ മൊഴി. ഇത് യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും തൃശ്ശൂരിലെ ഒരു ജ്വല്ലറിയിൽ വെച്ചാണ് ഇത് മാലയിൽ ഘടിപ്പിച്ചതെന്നും വേടൻ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാം വഴി രഞ്ജിത് കുമ്പിടിയുമായി സൗഹൃദമുണ്ടായിരുന്നെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടൻ്റെ അമ്മയും ശ്രീലങ്കൻ വംശജയായതിനാൽ ആ നിലയ്ക്കുള്ള അടുപ്പവും ഇരുവരും തമ്മിലുണ്ടെന്നാണ് വനം വകുപ്പിൻ്റെ കണ്ടെത്തൽ.
എന്നാൽ, കുമ്പിടിയുമായുള്ള ബന്ധത്തെക്കുറിച്ച് വനം വകുപ്പിന് മൊഴി നൽകിയെങ്കിലും, ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതികരണത്തിൽ ഇയാളെ അറിയില്ലെന്ന് വേടൻ പറഞ്ഞു. കൂടുതൽ തെളിവെടുപ്പിനായി വേടനെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി ഫ്ലാറ്റിലും തൃശ്ശൂരിലെ ജ്വല്ലറിയിലും കൊണ്ടുപോയി പരിശോധിക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാൻ ഇതുവരെ വനം വകുപ്പിന് സാധിച്ചിട്ടില്ല.
അതേസമയം, വേടനും സംഘത്തിനും കഞ്ചാവ് നൽകിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും തൂക്കാനുള്ള ത്രാസുമടക്കം വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. വേടനും മറ്റൊരു റാപ്പറായ ഗബ്രിയേൽ എന്ന കെ.ഡബ്ല്യു.വിഷ്ണുവുമടക്കം ഒമ്പത് പേരെയാണ് കഴിഞ്ഞ ദിവസം കഞ്ചാവുമായി പോലീസ് ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്.
ഇതിനിടെ, വേടന് അനുകൂലമായ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെറിയ അളവിൽ കഞ്ചാവ് പിടിച്ചതിൻ്റെ പേരിൽ വേദികളിൽ വേടൻ ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ റദ്ദാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം.