Trending

യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: 10 പേർ കസ്റ്റഡിയിൽ


കോഴിക്കോട്: ചേവായൂരിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പ്രദേശവാസികളായ അച്ഛനെയും മക്കളെയും അടക്കം 10 പേരെയാണ് ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.

മായനാട് സ്വദേശിയായ 20 വയസുകാരൻ സൂരജാണ് ദാരുണമായി കൊലപ്പെട്ടത്. കോളേജിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാത്രി രണ്ട് മണിയോടെ പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയതായിരുന്നു സൂരജ്. ഈ സമയം ഒരു സംഘം ആളുകൾ സൂരജിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ആദ്യം നാട്ടുകാർ ഇടപെട്ട് ഇവരെ പിരിച്ചുവിട്ടെങ്കിലും പിന്നീട് സംഘം വീണ്ടും മർദ്ദനം തുടർന്നു.

ചാത്തമംഗലം എസ്എൻഎസ്ഇ കോളേജിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാർ പാർക്കിങ്ങിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ പ്രശ്നത്തിൽ സൂരജ് തന്റെ സുഹൃത്തിന് വേണ്ടി ഇടപെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഉത്സവപ്പറമ്പിൽ വെച്ച് സൂരജിനെ കണ്ടപ്പോൾ എതിർവിഭാഗത്തിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ 18 പേർക്കെതിരെ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിജയ് എസ്എൻഎസ്ഇ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

അതേസമയം, സൂരജിന്റെ മരണവിവരം അറിഞ്ഞ് ഒരു സംഘം ആളുകൾ മനോജിന്റെ വീടിന് നേരെ ആക്രമണം നടത്തി. പുലർച്ചെയുണ്ടായ ആക്രമണത്തിൽ വീടിന്റെ വാതിൽ ചില്ലുകൾ തകർക്കുകയും, വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.

Post a Comment

Previous Post Next Post