Trending

ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ


കോഴിക്കോട്: ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ നാല് യുവാക്കളെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം നോച്ചിപ്പൊയിൽ സ്വദേശി ആനിക്കാട്ടുമ്മൽ വീട്ടിൽ മുഹമ്മദ് റബീൻ (23), കൊടുവള്ളി മുക്കാംചാലിൽ വീട്ടിൽ നിസാമുദ്ദീൻ (27), പതിമംഗലം പാലുമണ്ണിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ (23), മുട്ടാഞ്ചേരി പരനിലം വീട്ടിൽ മുഹമ്മദ് റാഫി (26) എന്നിവരാണ് പിടിയിലായത്.

ഏപ്രിൽ 20 ന് പുലർച്ചെയായിരുന്നു സംഭവം. പ്രതികളിലൊരാളായ ജബ്ബാർ ട്രാൻസ്ജെൻഡറോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം ട്രാൻസ്ജെൻഡറുടെ കയ്യിൽ നിന്നും പ്രതി താക്കോൽ പിടിച്ചുവാങ്ങി. തുടർന്ന് അവിടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് താക്കോൽ കൈമാറി സ്കൂട്ടറുമായി കടന്നുകളയാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ട്രാൻസ്ജെൻഡറെ പ്രതികളിലൊരാൾ മർദ്ദിച്ചു.

ട്രാൻസ്ജെൻഡറുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് കേസെടുത്തു. നോച്ചിപ്പൊയിൽ ഭാഗത്ത് മൂന്ന് പേർ സ്കൂട്ടർ ഓടിച്ചുപോയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ തിരിച്ചറിഞ്ഞ ശേഷം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചു.

മോഷണം പോയ സ്കൂട്ടർ കൊടുവള്ളിയിലെ ഒരു വർക്ക്‌ഷോപ്പിന് സമീപത്തുനിന്നും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ അബ്ദുൾ ജബ്ബാർ കുന്ദമംഗലം, കൊടുവള്ളി, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post