Trending

പ്രശസ്ത ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു


ചോറ്റാനിക്കര: പ്രശസ്ത ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് (51) അന്തരിച്ചു. അഭിനയിച്ചുകൊണ്ടിരുന്ന 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ ശേഷമാണ് അന്ത്യം. മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിനെ ഉടൻ തന്നെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നവാസിന്‍റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ.എസ്. പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.

'പ്രകമ്പനം' എന്ന സിനിമയുടെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഹോട്ടൽ മുറി ഒഴിയാൻ എത്തിയതായിരുന്നു നവാസ്. ഏറെ നേരമായിട്ടും നവാസിനെ കാണാത്തതിനെ തുടർന്ന് റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായി വരികയായിരുന്നു അദ്ദേഹം.

ചലച്ചിത്ര നടൻ അബൂബക്കറിന്‍റെ മകനാണ് നവാസ്. നടി രഹനയാണ് ഭാര്യ. മലയാളത്തിലെ മറ്റു പല താരങ്ങളെയും പോലെ മിമിക്രി വേദികളിലൂടെയാണ് നവാസിന്‍റെയും കലാജീവിതം ആരംഭിച്ചത്. 1995-ൽ പുറത്തിറങ്ങിയ 'ചൈതന്യം' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. 

അതേ വർഷം തന്നെ മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കിയ 'മിമിക്സ് ആക്ഷൻ 500' എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു. 'ഹിറ്റ്ലർ ബ്രദേഴ്സ്', 'ജൂനിയർ മാൻഡ്രേക്ക്', 'മാട്ടുപ്പെട്ടി മച്ചാൻ', 'ചന്ദാമാമ', 'തില്ലാന തില്ലാന' തുടങ്ങിയ നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post