കോടഞ്ചേരി: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. ഇന്ന് രാവിലെ 8:30-ഓടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കനത്ത മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇന്നും പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ വിദ്യാർത്ഥിയെയാണ് ഞായറാഴ്ച ഉച്ചയോടെ പതങ്കയം പുഴയിൽ കാണാതായത്. ഞായറാഴ്ച വൈകീട്ട് മുതൽ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.
പുഴയിൽ ജലനിരപ്പ് ഉയർന്നതും
ശക്തമായ മഴയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. മുക്കം, തിരുവമ്പാടി യൂണിറ്റുകളിലെ അഗ്നിരക്ഷാ സേനാംഗങ്ങളും കോഴിക്കോട്, മലപ്പുറം ടീമുകളും തിരച്ചിലിൽ പങ്കെടുത്തു. അബ്ദു റഷീദ് മുക്കം, മുജീബ് പൊറ്റശ്ശേരി, അബ്ദു റസാഖ് എന്നിവരാണ് തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.