Trending

ആൺ സുഹൃത്തിൻ്റെ കൊലപാതകം: പ്രതി അദീനയെ കസ്റ്റഡിയിൽ വിട്ടു


കോതമംഗലം: ആൺസുഹൃത്ത് അൻസിലിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി അദീനയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കൊലപാതകത്തിൽ അദീനയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

കൊലപാതകത്തിന് രണ്ട് മാസം മുൻപേ അദീന ആസൂത്രണം തുടങ്ങിയിരുന്നുവെന്നും ഈ കാലയളവിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. സംഭവസമയത്ത് കേടായിരുന്ന സിസിടിവി തകരാറിലാക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് പോലീസ്.

സംഭവത്തിന്റെ നാൾവഴികൾ:

അൻസിലും അദീനയും തമ്മിലുള്ള ദീർഘകാല ബന്ധത്തിനിടെ അൻസിൽ തന്നെ ഉപദ്രവിച്ചുവെന്ന് കാണിച്ച് അദീന നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. കേസ് പിൻവലിക്കാൻ അൻസിൽ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ബുധനാഴ്ച പുലർച്ചെ 4.30-ഓടെ അദീനയുടെ വീട്ടിൽ വെച്ചാണ് സംഭവം. അൻസിൽ വെള്ളം ആവശ്യപ്പെട്ടപ്പോൾ കളനാശിനി കലർത്തിയ ശീതളപാനീയം നൽകുകയായിരുന്നു. ബോധരഹിതനായ അൻസിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് അദീന പോലീസിനെയും ബന്ധുക്കളെയും അറിയിച്ചത്.

എന്നാൽ, ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ആംബുലൻസിൽവെച്ച് അൻസിൽ നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. 'അവൾ വിഷം നൽകി, എന്നെ ചതിച്ചുവെന്ന്' അൻസിൽ പറഞ്ഞിരുന്നു. ആദ്യമൊഴിയിൽ വിഷം അൻസിലാണ് കൊണ്ടുവന്നതെന്ന് അദീന പറഞ്ഞിരുന്നെങ്കിലും ദിവസങ്ങൾക്ക് മുൻപ് കളനാശിനി വാങ്ങിവെച്ചതായി പോലീസ് കണ്ടെത്തി.

സംഭവത്തിനുശേഷം അൻസിലിന്റെ ഫോൺ അദീന വീടിനടുത്തുള്ള കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. സിസിടിവിയുടെ ഹാർഡ് ഡിസ്കും മാറ്റിക്കൊണ്ട് പോയിരുന്നു. ഫോണും ഹാർഡ് ഡിസ്കും കണ്ടെത്താനായാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

Post a Comment

Previous Post Next Post