Trending

'ഓപ്പറേഷൻ ലാസ്റ്റ് ബെൽ' : 36 രക്ഷിതാക്കൾക്കെതിരെ കേസ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ അശ്രദ്ധമായ ഡ്രൈവിങ്, സ്കൂൾ പരിസരങ്ങളിലെ സംഘർഷങ്ങൾ, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി മലപ്പുറം പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ ലാസ്റ്റ് ബെൽ' ശക്തമാക്കി. പ്രത്യേക പരിശോധനയിൽ 200 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. നിയമലംഘനം നടത്തിയ 50 പേർക്കെതിരെ കേസെടുത്തതിൽ, 36 കേസുകളും പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനമോടിക്കാൻ നൽകിയ രക്ഷിതാക്കൾക്കെതിരെയാണ്.

സ്കൂൾ പരിസരങ്ങളിലെ തല്ലുകൂടൽ, ലഹരി ഉപയോഗം, മറ്റ് നിയമലംഘനങ്ങൾ, സ്കൂൾ വിദ്യാർത്ഥികളുടെ അശ്രദ്ധമായ ഡ്രൈവിങ് എന്നിവ നിരീക്ഷിക്കുന്നതിനും തടയുന്നതിനും വേണ്ടിയാണ് മലപ്പുറം പോലീസ് 'ഓപ്പറേഷൻ ലാസ്റ്റ് ബെൽ' എന്ന പേരിൽ പരിശോധന ആരംഭിച്ചത്. ഈ പ്രത്യേക പരിശോധനയിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങളിൽ രേഖകളില്ലാത്ത ബൈക്കുകളും രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഏറെയുണ്ട്.

നിയമലംഘനം നടത്തിയ 50 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 36 കേസുകളിലും പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകിയ രക്ഷിതാക്കളെയാണ് പ്രതിചേർത്തത്. ശേഷിക്കുന്ന 14 കേസുകളിൽ വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചില കേസുകളിൽ പിഴയൊടുക്കി താക്കീത് നൽകി വിട്ടയച്ചതായും പോലീസ് അറിയിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡ് നിയമങ്ങൾ പാലിക്കുന്നതിനും കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. അടുത്ത ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മലപ്പുറം പോലീസ് അറിയിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും നിയമങ്ങൾ പാലിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post