തിരുവമ്പാടി: മൂന്നര പതിറ്റാണ്ട് മുൻപ് താൻ രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു എന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തൽ തിരുവമ്പാടി മുൻ എസ്‌ഐ ഒ.പി. തോമസ് തള്ളി. മുഹമ്മദലി പറഞ്ഞത് നുണയാണെന്നും മരിച്ചവരുടെ ബന്ധുക്കൾ ഒരു ഘട്ടത്തിൽ പോലും കൊലപാതക സംശയം ഉന്നയിച്ചിരുന്നില്ലെന്നും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തോമസ് വ്യക്തമാക്കി.
39 വർഷങ്ങൾക്കുമുൻപ് കോഴിക്കോട് കൂടരഞ്ഞിയിൽ വച്ച് താൻ രണ്ടുപേരെ വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു എന്നാണ് കഴിഞ്ഞ ദിവസം മുഹമ്മദലി വെളിപ്പെടുത്തിയിരുന്നത്. ഈ വിഷയത്തിൽ തുടരന്വേഷണം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒ.പി. തോമസ് പറഞ്ഞു. കേസിന്റെ ആദ്യം മുതൽ അവസാനം വരെ താൻ അന്വേഷണത്തിൽ സജീവമായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപസ്മാര രോഗം വന്നാണ് ഒരാൾ വെള്ളത്തിൽ വീണ് മരിച്ചതെന്ന് മൊഴികളിൽ നിന്ന് ഉൾപ്പെടെ വ്യക്തമായതാണ്. "101 ശതമാനവും മുഹമ്മദലി പറയുന്നത് നുണയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്," ഒ.പി. തോമസ് വ്യക്തമാക്കി.