ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ വിനോദത്തിനും പഠനത്തിനുമായി ആനിമേഷൻ കഥാപാത്രങ്ങളെയും വീഡിയോകളെയും വ്യാപകമായി ആശ്രയിക്കുമ്പോൾ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 'ഓറഞ്ച് പൂച്ച'യുടെ വീഡിയോകൾക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. ക്രൂരതയും അക്രമ സ്വഭാവവുമാണ് ഈ വീഡിയോകളുടെ പ്രധാന സവിശേഷതയെന്ന് പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നുതിന്നുന്നതും, ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിനായി ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതുമാണ് മിക്ക 'ഓറഞ്ച് പൂച്ച' വീഡിയോകളുടെയും ഉള്ളടക്കം. ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്.
ഈ വീഡിയോകൾ കുട്ടികളുടെ മനസ്സിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പോലീസ് ആശങ്ക രേഖപ്പെടുത്തി. അടുത്തിടെ ഒരു ക്ലാസിലെ കുട്ടി പേനകൊണ്ട് മറ്റുള്ളവരെ നിരന്തരം കുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. വഴക്കുപറഞ്ഞാലും കൂസലില്ലാതെ ഇത് തുടർന്നപ്പോൾ രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി ഇത്തരം വീഡിയോകൾ സ്ഥിരമായി കാണാറുണ്ടെന്ന് അറിഞ്ഞത്.
ഇത്തരം വീഡിയോകൾ കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ അനുകരണചിന്തയും അക്രമവാസനയും വളർത്തുമെന്നും, ക്രൂരമായ പ്രതികരണങ്ങളിലേക്കും മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്ന നാർസിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും മാറ്റുമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
മാതാപിതാക്കൾ കുട്ടികൾ എന്ത് കാണുന്നു എന്ന് ശ്രദ്ധിക്കുകയും, ആപ്പുകളിൽ പാരന്റൽ കൺട്രോൾ ഫീച്ചറുകൾ ഉപയോഗിക്കുകയും വേണം. കുട്ടികളുടെ പെരുമാറ്റത്തിൽ ചെറിയ മാറ്റങ്ങൾ കണ്ടാൽപോലും രക്ഷിതാക്കൾ അധ്യാപകരെ അറിയിക്കാൻ മടിക്കരുത്.
ആവശ്യമെങ്കിൽ പോലീസിന്റെ ഡിജിറ്റൽ ഡി-അഡിക്ഷൻ (D-DAD) ഫോൺ നമ്പറായ 9497900200-ൽ ബന്ധപ്പെടാവുന്നതാണ്.