കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (45) മരണപ്പെട്ടു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടന്ന ബിന്ദുവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ആശുപത്രി കെട്ടിടത്തിലെ കുളിമുറിയിലേക്ക് പോയ സമയത്താണ് ബിന്ദു അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിൻ്റെ അടച്ചിട്ടിരുന്ന 14-ാം വാർഡിൻ്റെ ബാത്ത്റൂം ഭാഗമാണ് തകർന്നു വീണത്. ഇത് ഉപയോഗിക്കാത്ത ഭാഗമാണെന്നാണ് അധികൃതർ പറയുന്നത്. അപകടം നടന്നയുടൻ രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു പ്രാഥമിക വിവരം.
ആരംഭത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന ധാരണയിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ. എന്നാൽ, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിൻ്റെ മകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് അഗ്നിരക്ഷാ സേനയും പോലീസും വിശദമായ പരിശോധന നടത്തിയത്. തുടർന്നാണ് ബിന്ദു അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
സംഭവം നടന്നയുടൻ ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി വി.എൻ. വാസവൻ എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു. ആളൊഴിഞ്ഞ കെട്ടിടമാണ് തകർന്നതെന്നായിരുന്നു മന്ത്രിമാരുടെ ആദ്യ പ്രതികരണം. രക്ഷാപ്രവർത്തനത്തിൽ വന്ന കാലതാമസവും, അപകടത്തിൽപ്പെട്ട സ്ത്രീയെ കണ്ടെത്താൻ വൈകിയതും വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയർന്നിട്ടുണ്ട്.