താമരശ്ശേരി: താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് ചാടിയ എംഡിഎംഎ കേസിലെ പ്രതി ഷഫീക്ക് പിടിയിൽ. തിരൂരങ്ങാടി സ്വദേശിയായ ഇയാളെ ഇന്ന് രാവിലെ പരിക്കേറ്റ നിലയിൽ നടന്നുപോകുമ്പോൾ നാട്ടുകാരാണ് കണ്ടെത്തി പോലീസിനെ അറിയിച്ചത്. തുടർന്ന് ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഗോവിന്ദച്ചാമി ജയിൽ ചാടിയതിന് പിന്നാലെ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഷഫീക്ക് ഇന്നലെ ചുരത്തിലെ കൊക്കയിലേക്ക് ചാടിയത്. കാറിൽ എംഡിഎംഎ കടത്തുകയായിരുന്നു ഇയാൾ. ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന് സമീപത്തായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഷഫീക്കിനെ കണ്ടെത്താനായിരുന്നില്ല. നേരത്തെ 90 ഗ്രാം എംഡിഎംഎയുമായി ഷഫീക്കിനെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് ഇയാൾ വീണ്ടും മയക്കുമരുന്ന് കടത്തിന് ശ്രമിച്ചത്.