കാരശ്ശേരി: കാരശ്ശേരി വൈശംപുറം സ്വദേശി തെക്കേടത്ത് സുജേഷിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
കോഴികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് വീട്ടുകാർ കൂട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതിനോടകം ഏഴോളം കോഴികളെ പാമ്പ് വിഴുങ്ങുകയും മൂന്ന് കോഴികളെ കൊന്നിടുകയും ചെയ്തിരുന്നു.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന് കീഴിലുള്ള സ്നേക്ക് റെസ്ക്യൂ ടീം അംഗം എം.ബി. നസീർ മുക്കം സ്ഥലത്തെത്തി പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.