Trending

'ബർമുഡ കള്ളൻ' പിടിയിൽ


താമരശ്ശേരി: കാരാടി കുറുന്തോട്ടിക്കണ്ടി മുനീറിന്റെ വീട്ടിൽ നടന്ന കവർച്ചാശ്രമത്തിന് പിന്നിൽ കുപ്രസിദ്ധനായ 'ബർമുഡ കള്ളൻ' എരുമാട് ജോസ് ആണെന്ന് കണ്ടെത്തി. താമരശ്ശേരി അമ്പായത്തോട്ടിലെ ഫിഷർ കമ്പനിക്ക് സമീപമുള്ള മാക്സി ജോസഫിന്റെ വീട്ടിൽ നിന്ന് ഏഴു പവൻ സ്വർണം മോഷ്ടിച്ച കേസിൽ പിടിയിലായ എരുമാട് ജോസിനെ ചോദ്യം ചെയ്തപ്പോഴാണ് മുനീറിന്റെ വീട്ടിലെ കവർച്ചാശ്രമത്തിന് പിന്നിൽ താനാണെന്ന് ഇയാൾ സമ്മതിച്ചത്.

മലപ്പുറം കൊണ്ടോട്ടിയിലും കോട്ടക്കലിലും സമാന രീതിയിൽ മോഷണങ്ങൾ നടത്തി വരുന്നതിനിടെയാണ് ജോസ് കഴിഞ്ഞ ദിവസം പിടിയിലായത്. സ്ഥിരമായി ബർമുഡ ധരിച്ച് മോഷണത്തിന് ഇറങ്ങുന്നതിനാലാണ് ഇയാൾക്ക് 'ബർമുഡ കള്ളൻ' എന്ന പേര് ലഭിച്ചത്.

കഴിഞ്ഞ ജൂൺ 15-ന് പുലർച്ചെയായിരുന്നു മുനീറിന്റെ വീട്ടിൽ കവർച്ചാശ്രമം നടന്നത്. വീടിന്റെ മുൻവശത്തെ വാതിലിനോട് ചേർന്ന ജനലിന്റെ കൊളുത്തുകൾ ഉള്ള ഭാഗം യന്ത്രം ഉപയോഗിച്ച് തുളച്ച് ജനൽ തുറന്ന് അതിനകത്തുകൂടി കൈയിട്ട് വാതിലിന്റെ ടവർബോൾട്ട് തുറക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ വീട് തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കള്ളൻ കടന്നുകളയുകയായിരുന്നു. ജോസിന്റെ അറസ്റ്റോടെ ഈ കേസിനും തുമ്പുണ്ടായി.

Post a Comment

Previous Post Next Post