താമരശ്ശേരി: പൂനൂരിൽ വിഷക്കൂൺ പാകം ചെയ്തു കഴിച്ചതിനെ തുടർന്ന് ആറു പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. അത്തായക്കുന്നുമ്മൽ അബൂബക്കർ (67), ഷബ്ന (36), സൈദ (30), ഫിറോസ് (42), ദിയ ഫെബിൻ (17), മുഹമ്മദ് റസൻ (12) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ച അയൽക്കാരായ രണ്ട് വീട്ടുകാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം അറഫ നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവർ പാകം ചെയ്ത കൂൺ കഴിച്ചത്. ഛർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിഷക്കൂണുകൾ തിരിച്ചറിയുന്നതിനും അവ ഒഴിവാക്കുന്നതിനും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.