Trending

​മേപ്പാടി തുരങ്കപാത അപകടം: യുഡിഎഫ് സർക്കാരിന് മേൽനോട്ടക്കുറവെന്ന് മുൻ എംഎൽഎ ലിൻ്റോ ജോസഫ്


കോഴിക്കോട്/വയനാട്: മലയോര മേഖലയുടെയും കേരളത്തിന്റെയും സ്വപ്ന പദ്ധതിയായ മേപ്പാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ അപകടം ദൗർഭാഗ്യകരമാണെന്ന് മുൻ എംഎൽഎ ലിൻ്റോ ജോസഫ്. അപകടത്തിൽ മരണപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. പദ്ധതി നടത്തിപ്പിൽ യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെയും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അക്കമിട്ട് നിരത്തി.
എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾ നേരിട്ട് സ്ഥലം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകൾ തിരുത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് വയനാട് ടൗൺഷിപ്പ് പദ്ധതിയിലെന്ന പോലെ യാതൊരു മേൽനോട്ടവും ഉണ്ടായിട്ടില്ലെന്ന് ലിൻ്റോ ജോസഫ് ആരോപിച്ചു.
"225 mm മഴ പെയ്തിട്ടും അപകട മുന്നറിയിപ്പുകളൊന്നും നൽകാത്തതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിലൊരു ദുരന്തത്തെ നേരിടേണ്ടി വന്നിട്ടുള്ളത്. കൂട്ടിയിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാൻ തുടർച്ചയായ ഫോളോ അപ്പുകൾ നടത്താൻ സർക്കാരും ബന്ധപ്പെട്ടവരും തയ്യാറായില്ല." - ലിൻ്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

ഈ പദ്ധതിയോടുള്ള യുഡിഎഫിന്റെ നിഷേധാത്മക മനോഭാവം നേരത്തെ തന്നെ വ്യക്തമായതാണെന്നും മുൻ എംഎൽഎ പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും, സംഭവത്തിൽ കൃത്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post