Trending

​സ്കൂൾ റെക്കോർഡുകളിൽ 'സീറോ മലബാർ സിറിയൻ കാത്തലിക്' എന്ന് രേഖപ്പെടുത്തണം: താമരശ്ശേരി രൂപത


താമരശ്ശേരി: പുതിയ അധ്യയനവർഷത്തിൽ കുട്ടികളെ സ്കൂളുകളിൽ ചേർക്കുമ്പോൾ ഔദ്യോഗിക രേഖകളിൽ സമുദായത്തിന്റെ പേര് കൃത്യമായി രേഖപ്പെടുത്താൻ മാതാപിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്ന് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (സ. ഉ. കൈ (നമ്പർ) 109/2023/പൊ.വി.വ.), സഭയിലെ ജനറൽ കാറ്റഗറിയിൽപെടുന്ന (ജാതി സംവരണം ലഭിക്കാത്തവർ) അംഗങ്ങളുടെ ഔദ്യോഗിക സമുദായ നാമം 'സീറോ മലബാർ സിറിയൻ കാത്തലിക്' (Syro Malabar Syrian Catholic) എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ സ്കൂൾ റെക്കോർഡുകളിലും മറ്റ് ഔദ്യോഗിക രേഖകളിലും ഈ നാമമാണ് ഉപയോഗിക്കേണ്ടത്.
കുട്ടികളെ ഒന്നാം ക്ലാസ്സിൽ പ്രവേശിപ്പിക്കുമ്പോൾ സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ 'മതം' എന്ന കോളത്തിൽ 'ക്രിസ്ത്യൻ' എന്നും, അതിനു താഴെ വരുന്ന ജാതി/Denomination കോളത്തിൽ 'സീറോ മലബാർ സിറിയൻ കാത്തലിക്' എന്നുമാണ് ചേർക്കേണ്ടത്. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന RC, RCSC, RCS, SC തുടങ്ങിയ ചുരുക്കെഴുത്തുകൾ ഇനിമേൽ ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കാൻ പാടില്ല.
നിലവിൽ സ്കൂളുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ രജിസ്റ്ററുകളിലും, രക്ഷാകർത്താക്കളുടെ അപേക്ഷ പ്രകാരം ഈ തിരുത്തൽ വരുത്താൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. അതേസമയം, നിലവിൽ OBC/OEC സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന സഭാംഗങ്ങൾ അവർക്ക് നിലവിലുള്ള സമുദായ നാമങ്ങൾ തന്നെയാണ് സ്കൂൾ രജിസ്റ്ററിൽ ചേർക്കേണ്ടതെന്നും രൂപത പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post