തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അർഹരായ ഓൺലൈൻ മാധ്യമപ്രവർത്തകരെ വർക്കിംഗ് ജേർണലിസ്റ്റ് പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അധികാരമേറ്റ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽക്കണ്ട് ഭാരവാഹികൾ സ്നേഹാദരങ്ങൾ അറിയിച്ചു.
വ്യാജ പ്രസ്സ് കാർഡുകളുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ യഥാർത്ഥ മാധ്യമങ്ങൾക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ജെ.എം.എ ചൂണ്ടിക്കാട്ടി.
കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സെൽഫ് റെഗുലേറ്ററി ബോർഡ് (SRB) രജിസ്ട്രേഷൻ നിർബന്ധമാക്കണം. കേന്ദ്ര ഐ.ടി നിയമങ്ങൾ (IT Rules 2021) അനുശാസിക്കുന്ന 'ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്' പൂർണ്ണമായും പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നൽകുക, ത്രിതല പരാതി പരിഹാര സംവിധാനവും ഗ്രീവൻസ് ഓഫീസറും ഉള്ള മാധ്യമങ്ങളെ മാത്രം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു.
നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന യഥാർത്ഥ ഓൺലൈൻ മാധ്യമങ്ങൾക്ക് പി.ആർ.ഡി എംപാനൽമെൻ്റ്, ഔദ്യോഗിക പ്രസ്സ് അക്രഡിറ്റേഷൻ, സർക്കാർ പരസ്യങ്ങൾ എന്നിവ ലഭ്യമാക്കണം. സർക്കാർ അംഗീകരിച്ച ഓൺലൈൻ മാധ്യമങ്ങളുടെ ലിസ്റ്റ് പി.ആർ.ഡി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് പൊതുജനങ്ങൾക്കും പോലീസിനും സഹായകമാകുമെന്നും നിവേദനത്തിൽ പറയുന്നു.
ഓൺലൈൻ മാധ്യമങ്ങൾക്ക് വിവരങ്ങൾ സമർപ്പിക്കാൻ പി.ആർ.ഡിയുടെ കീഴിൽ പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിക്കണം. അപേക്ഷകൾ പരിശോധിച്ച് അർഹരായവർക്ക് പ്രസ് പാസ് അനുവദിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റ് മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള ജെ.എം.എ ഉൾപ്പെടെയുള്ള മാധ്യമ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മാധ്യമ രംഗത്തെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെ.എം.എ നാഷണൽ പ്രസിഡൻ്റ് വൈശാഖ് സുരേഷ് വ്യക്തമാക്കി.

