Trending

ആവേശത്തിരയിളക്കി 'ഒമാക് ഒളിമ്പ്യാഡ്'; മാധ്യമപ്രവർത്തകരുടെ സൗഹൃദ സംഗമം ശ്രദ്ധേയമായി


ഓമശ്ശേരി: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഒമാക് ഒളിമ്പ്യാഡ്' ആവേശകരമായി. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മാധ്യമപ്രവർത്തകർക്കിടയിലെ സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓമശ്ശേരി ടർഫിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തു. സത്യസന്ധമായ വാർത്താ റിപ്പോർട്ടിംഗിനൊപ്പം തന്നെ മാധ്യമപ്രവർത്തകരുടെ മാനസിക ഉല്ലാസത്തിനും ഒമാക് നൽകുന്ന പ്രാധാന്യം മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സലാഹുദ്ധീൻ ഒളവട്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ജനപ്രതിനിധികളായ ഒമാക് കുടുംബാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, കൂടത്തായി സൗത്ത് വാർഡ് മെമ്പർ ഷാഹിന റഹ്മത്ത് എന്നിവർ ആദരവ് ഏറ്റുവാങ്ങി. ഒമാക് കലണ്ടർ പ്രകാശനവും, കളിക്കാർക്കുള്ള ജേഴ്സി വിതരണവും കേക്ക് മുറിക്കലും ഇതോടൊപ്പം നടന്നു.

ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സൗഹൃദ കായിക മത്സരങ്ങൾ ആവേശകരമായിരുന്നു. അലിഫ് ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് ഇന്ത്യ സ്‌പോൺസർ ചെയ്ത 'ഒമാക് വാരിയേഴ്‌സും', മെട്രോ ജേണൽ സ്‌പോൺസർ ചെയ്ത 'ഒമാക് സ്‌ട്രൈക്കേഴ്‌സും' തമ്മിലായിരുന്നു പ്രധാന മത്സരം. വിജയികൾക്കുള്ള ട്രോഫികളും പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓൺലൈൻ മാധ്യമപ്രവർത്തകർ സംഗമത്തിൽ അണിനിരന്നു. ഒമാക് കോഴിക്കോട് ജനറൽ സെക്രട്ടറി ഷമ്മാസ് സ്വാഗതവും ട്രഷറർ തൗഫീഖ് പനാമ നന്ദിയും പറഞ്ഞു. സ്‌നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.

Post a Comment

Previous Post Next Post