കൊടിയത്തൂർ: കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘം ആളുകൾ വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. കൊടിയത്തൂർ കാരകുറ്റി സ്വദേശികളായ മുഹമ്മദ് റിസാൽ, ഭാര്യ ഫസീല, ഇവരുടെ രണ്ടര വയസ്സുള്ള മകൻ അലീൽ ജവാദ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഫസീലയുടെ സഹോദരനായ അസ്ലമിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. അസ്ലം വിവാഹം കഴിച്ച യുവതിയുടെ സഹോദരനായ സ്വലൂപിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പരാതിക്കാർ പറയുന്നു. വിവാഹമോചനം നേടാൻ അസ്ലമിനെ സഹായിച്ചത് റിസാലാണെന്ന് സ്വലൂപ് ആരോപിച്ചിരുന്നു.
ഇന്നലെ പള്ളിയിൽനിന്ന് മടങ്ങുമ്പോൾ സ്വലൂപും റിസാലും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഒരുസംഘം ആളുകൾ റിസാലിന്റെ വീട്ടിലെത്തി ആക്രമിച്ചത്. പിന്നീട് നാട്ടുകാർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.