പുതുപ്പാടി: ലഹരിക്ക് അടിമയായ മകൻ മാതാവിനെ കഴുത്തിന് കുത്താൻ ശ്രമിച്ചു. പുതുപ്പാടി മണൽവയൽ പുഴങ്കുന്നുമ്മൽ റനീസ് ആണ് മാതാവ് റസിയയെ കത്തികൊണ്ട് ആക്രമിച്ചത്. കൈകൊണ്ട് തടഞ്ഞതിനാൽ കഴുത്തിൽ കുത്തേൽക്കാതെ നിസ്സാര പരിക്കുകളോടെ റസിയ രക്ഷപ്പെട്ടു.
ഗൾഫിൽ വിസിറ്റിംഗ് വിസയിൽ ജോലിക്ക് പോയ റനീസിന് അവിടെ കാര്യമായ ജോലി ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കൈയിൽ പണമില്ലാതിരുന്ന റനീസ് സഹോദരിയുടെ വീട്ടിലെത്തി അവരുടെ സ്വർണം എടുത്ത് കൊണ്ടുപോയിരുന്നു. വിവരമറിഞ്ഞ മാതാവും സഹോദരിയും അടിവാരം പോലീസ് ഔട്ട്‌പോസ്റ്റിൽ പരാതി നൽകി. തുടർന്ന് ഈങ്ങാപ്പുഴയിൽ വിൽക്കാൻ കൊണ്ടുപോയ സ്വർണം പോലീസ് തിരികെ വാങ്ങിക്കൊടുത്തു.
ഇതിന്റെ പ്രതികാരമെന്നോണം വീട്ടിലെത്തിയ റനീസ് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ലഭിക്കാത്തതിനെ തുടർന്ന് വീട്ടിലെ ഫാൻ നശിപ്പിച്ച ശേഷം കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മാതാവിനെ കുത്തുകയായിരുന്നു. മാതാവ് റസിയ കൈകൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രമാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.