പുല്ലൂരാംപാറ: ഒരു പൊതു ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും, കഴിഞ്ഞ വർഷം എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചിട്ടും പുല്ലൂരാംപാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ തുടരുന്നു. അടിസ്ഥാനപരമായ രോഗങ്ങൾക്ക് പോലും കിലോമീറ്ററുകൾ താണ്ടി തിരുവമ്പാടി സി.എച്ച്.സി (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) യെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയോരത്തെ ആയിരക്കണക്കിന് ജനങ്ങൾ.
കരിമ്പ്, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കൊടക്കാട്ടുപാറ, പൊന്നാങ്കയം മേൽമല, ചെറുശ്ശേരി മല തുടങ്ങിയ ഉൾഗ്രാമങ്ങളിലെ രോഗികൾക്ക് ഇപ്പോഴും ചികിത്സയ്ക്കായി തിരുവമ്പാടിയിലേക്കുള്ള യാത്ര ഒഴിവാക്കാനാകുന്നില്ല. പുല്ലൂരാംപാറ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ഒ.പി (ഔട്ട് പേഷ്യന്റ്) വിഭാഗവും ആരംഭിക്കാൻ വർഷങ്ങളായി നാട്ടുകാർ മുറവിളി കൂട്ടുന്നുണ്ടെങ്കിലും അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഒരു ചെറിയ മുറിവ് പറ്റിയാൽ പോലും ഡ്രസ്സ് ചെയ്യാനുള്ള സൗകര്യം പോലും ഇവിടെയില്ല എന്നത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഈ വിഷയത്തിൽ മുൻകൈയെടുക്കേണ്ട പഞ്ചായത്ത് ഭരണസമിതിക്കും വാർഡ് മെമ്പർക്കും അശേഷം താല്പര്യമില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. ജനങ്ങളുടെ ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ആവശ്യം.