കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പോലീസ് ഡ്രൈവർമാരെ താമരശ്ശേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. താമരശ്ശേരിയിൽ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾനിലയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പുതിയ ഒളിത്താവളം തേടി പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സെക്സ് റാക്കറ്റ് നടത്തിപ്പുകാരന്റെ അക്കൗണ്ടിൽ നിന്ന് ഷൈജിത്തിന്റെയും സനിതിന്റെയും അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം കൈമാറ്റം നടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നടക്കാവ് പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.